Wednesday 24 August 2016

യോഗിശ്രേഷ്ഠം പ്രണതോസ്മ്യഹം
******************************************************
അഹമാത്മജ്ഞാനതത്പരനല്ല വിഭോ
മമഹൃത്തിലുണ്ടജ്ഞത,ഇരു -
മിഴിയിലുമുണ്ടിരുൾ ,ചിത്തം ,
തെളിമയില്ലാ ജലം കണക്കു കലുഷിതം
ഭാവസാഗരതീരെ രമിപ്പു വൃഥാ
,
കണ്ടെന്നൊരിടത്തു ഭവാനിരിപ്പതു ;
ശുദ്ധസ്പടികകാന്തി ചിന്തിയ പോൽ
ഹന്ത ! വദനവിദ്യുത്സ്ഫുരണ-
മവിരാമമുതിരുമെങ്കിലും,
കാണുന്നുണ്ട് ശാന്തത
ഉദയരവികിരണാവലിയെ
എതിരേല്ക്കുമാ കടൽ കണക്കെ ;
തവനയനങ്ങൾ മന്ത്രിപ്പുണ്ട്,സംസാര
സാഗരം കടക്കുവതിനുപായങ്ങൾ ;
ഊർജ്ജസ്ഫുരണമുണ്ട് ലിഖിതങ്ങൾക്കു ,
കൃഷ്ണവാണിയുതിർത്ത ഗീത കണക്കെ !
എത്രമഹാനുഭാവർക്കു വിദ്യയേകി ,
വിദ്യാധിരാജ ,തവ ചിന്തനങ്ങൾ !
ദുരാചാരമേഘം കൂരിരുൾ കെട്ടിയ
കൈരളിക്കുദയാർക്ക ദീപ്തിയായ്,
സർവശാസ്ത്രപാരംഗതനായ ഭവാൻ,
ഭാർഗ്ഗവഭൂമിതന്നിലവതരിക്കെ ,
പുതുയുഗം പിറവികൊണ്ടു നന്മ
ചാലിച്ച ജ്ഞാനപാഥേയങ്ങൾ ,
ശങ്കരശൈലം മുതൽ ഇങ്ങു
സാഗരസംഗമം വരേയ്ക്കും ,
നിൻ കരങ്ങളാൽ എത്തിയെങ്ങും !
കരുണാകടാക്ഷമുതിർക്കുക സദയം
സത്ഗതിയേകീടുക ജഗത്തിനു നിത്യം
പത്മാസനസ്ഥിതഗാത്രം സാദാ പൂജിതം
ശ്രീവിദ്യാധിരാജം നമാമ്യഹം
ചിന്മുദ്രാങ്കിത വിമലരൂപം മനോജ്ഞം
യോഗിശ്രേഷ്ഠം പ്രണതോസ്മ്യഹം .
**************************************************
കെ എൽ അജയ്

No comments:

Post a Comment