Wednesday 12 October 2016

ആ മൂന്നുപേരുടെ യാത്ര !
**********************************

വെണ്ണ നീരാടി ഒരുങ്ങിയോരുണ്ണിതൻ
അരികത്തു വന്നു വേലഴകൻ
ശാരദ വീണയിൽ ശ്രുതിയിട്ട മായാമാളവം
മങ്കയാം നങ്കയും കേട്ടുണർന്നു;
ഒൻപതു രാവുകൾ പത്മനാഭാൻ തിരു -
സന്നിധിയകം പൂകി വന്നു മൂവർ;
ഇന്നിറക്കം,ഇനി തങ്ങളിൽ തങ്ങളിൽ ,
യാത്ര പറഞ്ഞു സ്വഗൃഹങ്ങൾ പൂകെ ;
കാംബോജി ഉയിരിട്ട ഓടകുഴൽ നാദം,
കർണാമൃത സമം നിറഞ്ഞ നേരം,
കൃഷ്ണസ്മിതദ്യുതി നിറഞ്ഞ നെയ്യാറിൻ
തീരത്ത് നിന്നവർ മൂന്നുപേരും ;
ദേവകൾ അർപ്പിച്ച  തീർഥ വർഷം,
മേഘങ്ങൾ ഏകി  , പതിവ് പോലെ .
നല്ലിരിപ്പും തീർത്തു,നാഞ്ചിനാടിൻ
വരമ്പ് അന്പോടെ താണ്ടുവാൻ യാത്രയായി,
കൊട്ടും കുഴലും പരിവാര ജാലവും
ദേവിമാർക്കും സ്കന്ദനും അകമ്പടിയായ്
പതിവാം ചടങ്ങല്ല , പൈത്രികമീ യാത്ര;
മൂവരും ചേരുന്ന പുണ്യഗാഥ ..
*************************************************** 
“ജീവിതത്തിലെ ഏറ്റവും മനോഹരമായ കാഴ്ചകളിൽ ഒന്നാണ് നവരാത്രി വിഗ്രഹ ഘോഷ യാത്ര .ഭക്തി സാന്ദ്രവും , തിരുവിതാംകൂറിന്റെ പൈത്രിക പെരുമ ലോകരെ അറിയിക്കുന്നതുമായ ഈ ചടങ്ങിനും, വിരുന്നെത്തി ,ഐശ്വര്യം ഏകി മടങ്ങുന്ന  ആ മൂന്ന് ചൈതന്യങ്ങൾക്കും മുന്നിൽ പ്രണാമങ്ങളോടെ.....”


ഡോ.കെ എൽ അജയ് :)