Monday 15 August 2016

ഒരുക്കം 
*****************

തൂമയെഴും വെണ്ണിലാവഴക് ഒഴുകി,
ഒരുടയാട പോലങ്ങനെ അംബര-
ഗോപുരത്തിൽ നിന്നുതിർന്നു വീഴ്കെ !
ഊഴിയിലുയർന്ന പുതുനാമ്പിലും,
പച്ച ചേലാർന്ന വയൽ പരപ്പിലും ,
തുമ്പയും ,ചെത്തി ചേമന്തിമാർ മെയ്യിലും 
മാളോർ തൻ മാനതാരിലുമൊരുപോൽ
ചിങ്ങ തേർ തട്ടിൽ നിന്നുതിർന്നൊരാ ,
ഓണനിലാവാട പാറി പറന്നു ,
പുതപ്പിച്ചു കൈരളിക്കു ഓണമായ്!
എന്നോതി ,പുല്ലും പൂങ്കുയിലും പാടി

കുളിർമഴ മതിയാവോളമേകി കർക്കിടക -
നീർക്കുടം ഏന്തിയ മേഘങ്ങൾ പോകെ; 
തെല്ലും വൈകീലിങ്ങെത്തുവാൻ ചിങ്ങ-
തേരിലൊരായിരം പൂക്കളുമായി 
ഓണാക്കിനാക്കൾ മേളങ്ങളോടെ !
അത്തം തൊട്ടെണ്ണി തിരുവോണ- 
നാളേയ്ക്ക് നടമാടുവാൻ വെമ്പി, 
തൊടിയിലെ അരളിയും ആളിമാരും
മേളമൊരുക്കാൻ പുതുപാട്ടും 
ചിട്ടപ്പെടുത്തി പുള്ളിപൂങ്കുയിലും !
കൂട്ടിനുതാളമിടാൻ മാടത്തയും!
നിറഞ്ഞുണ്ട് നിറവോടു രമിച്ചീടാൻ 
നിറപറനിറച്ചീടാനുഴറി ആരിയൻ,
പാടത്തെ നെൽകതിർക്കുലകളും !

അവിടെയുമിവിടെയുമെങ്ങും ഓണ 
തുടിപ്പാണീ പ്രകൃതിക്കു സമയം
കളയാൻ തെല്ലുമില്ലിനി! 
തമ്പുരാനൊരുങ്ങിയെന്നു പെരുമ്പറ 
കൊട്ടിവിളിക്കലിൻ ധ്വനി മുഴങ്ങി! 
ശീപോതിയും പട്ടുടുത്തൊരുങ്ങി!  
ഇനിയുമുറങ്ങും മനസ്സുകൾക്കുണരാൻ 
കേളി കൊട്ടുതുടങ്ങി കൈരളി; 
ഉണരുക ,വൈകീടാതെ  വന്നീ-
ഉത്സവരംഗത്തിനു കോപ്പിട്ടുകൊൾക !
************************
കെ എൽ അജയ് :) 

No comments:

Post a Comment