Tuesday 23 August 2016

ഊഞ്ഞാൽ 
*****************




ഒരു ഉത്രാടദിനം .അവനും രണ്ടു സുഹൃത്തുകളും കാനഡയില്‍ നിന്നുള്ള വരവാണ്. കൂട്ടുകാര്‍ രണ്ടുപേരും കാനഡക്കാർ. എമിലി , റോവന്‍ .വിമാന താവളത്തില്‍ നിന്ന് വീട്ടിലേക്കുള്ള  യാത്രയിലാണ് അവര്‍ മൂവരും. നാളെ തിരുവോണം.മറ്റൊരു പ്രത്യേകതയും ഉണ്ട് . നാളെ അവന്റെ പുതിയ വീട്ടില്‍ ഗൃഹപ്രവേശം . ഈ രണ്ടു ആഘോഷത്തിലും  പങ്കു ചേരാന്‍ ആണ് അവന്‍ തന്റെ ഉറ്റ സുഹൃത്തുക്കളെയും കൊണ്ട് . ഈ ഓണക്കാലത്തു സ്വന്തം നാട്ടിൽ വന്നത്..

വാഹനത്തില്‍ പുറത്തെ കാഴ്ചകള്‍ കാണുന്ന എമിലിയോടു അവന്‍ അമേരിക്കന്‍ Accent ഇല്‍ സംസാരിച്ചു.അതിന്റെ വിവര്‍ത്തനം ഏതാണ്ട് ഇങ്ങനെ ." ഓണമാണ് നാളെ. ഞങ്ങടെ ഉത്സവം. പുതിയ വീട്ടിലെ  ആദ്യത്തെ ഓണം. ഞാന്‍ നിങ്ങളോട് ഓണത്തെ പറ്റി പറഞ്ഞിരുന്നു . വടക്കയര്‍ കൊണ്ട് കെട്ടിയ ഊഞ്ഞാല് വീടിന്റെ പറമ്പിലുള്ള മഹാഗണി കൊമ്പില്‍ തയ്യാറാക്കി കാണും. അതില് ആടി ആകാശത്തോളം ഉയരാം . കാറ്റിനെ വകഞ്ഞു മാറ്റി , ഉയര്‍ന്നു പൊങ്ങുന്ന ഊഞ്ഞാല്, അതിന്റെ എനർജി  ഒരു അമ്യൂസ്മെന്റ് പാര്‍ക്കിലും കിട്ടില്ല.An Unique Onam Ambiance...! ഞാന്‍ ഗാരണ്ടി !!"

മറുപടിയായി റോവന്‍ പറഞ്ഞു,"  അതിനു വേണ്ടി തന്നെ ആണ് ഞങ്ങള്‍ വരുന്നത് .ഇനി പറഞ്ഞു രസം കുറയ്ക്കേണ്ട !.കാണാം , ആസ്വദിക്കാം. !!എമിലി ചിരിച്ചു. തന്റെ നാടിന്റെ നിറച്ചാർത്തുകൾ  കണ്ടു തുടങ്ങി.വീടിന്റെ അടുത്തായി  ഒരു തെങ്ങും പറമ്പില്‍ കയറുകള്‍ കൊണ്ട് കെട്ടിയ ഊഞ്ഞാലില്‍ കുട്ടികള്‍ അവധിക്കാലവും, ഓണക്കാലവും ആഘോഷിക്കുന്നത് അവര്‍ കണ്ടു.അയാള്‍ എമിലിയോടു പറഞ്ഞു," ഇതാണ് ഊഞ്ഞാൽ ...കണ്ടാല്‍ പോര...ആടണം...ആടി ഉയരണം...ഉയര്‍ന് താഴണം...അങ്ങനെ അങ്ങനെ..!!" അയാളുടെ വീടിന്റെ ഗേറ്റ് കടന്നു .തറവാട് വീടിന്റെ വലതു വശത്ത് ഉയര്‍ന്നു പൊങ്ങിയ ആ പുതിയ മന്ദിരം അവന്‍ ആദ്യമായി കണ്ടു. തനി കേരളീയ ശൈലിയില്‍ തീര്‍ത്ത ആ വീടിന്റെ മുന്നില്‍ അവന്റെ അച്ഛനും അമ്മയും സഹോദരിയും അവരെ സ്വീകരിച്ചു. സ്നേഹാന്വേഷണങ്ങൾ , പരിചയപെടുത്തലുകൾ എല്ലാം കഴിഞു, പുതിയ വീടിന്റെ അകത്തളത്തിൽ എത്തും മുൻപേ ,വീടിന്റെ വടക്കേ തൊടിയിലേക് അവന്‍ അവരെയും കൊണ്ട് പോയി. മഹാഗണി കൊമ്പിലെ തന്റെ ഓണം അവര്‍ക്ക് പരിചയപ്പെടുത്താൻ !. അവരെയും അതില്‍ ഉള്‍ക്കൊള്ളിക്കാന്‍! . തൊടി  പകുതിയും തണല്‍ തൂകി  നിറഞ്ഞു നിന്ന ആ മരം നിന്ന  സ്ഥലത്ത്  അപ്പോൾ നൂതന ശൈലിയിൽ ഉള്ള പൂന്തോട്ട നിര്‍മ്മാണത്തിന്റെ അവസാന മിനുക്കുപണി നടക്കുകയാണ്. അതായതു അവിടെ ആ മഹാഗണി ഇല്ല !! . ഊഞ്ഞാലും !. അവര്‍ മൂന്ന് പേരും അത് നോക്കി നിന്നു. അവന് പറയാൻ വാക്കുകൾ ഇല്ലായിരുന്നു  .

ചുമലില്‍ അവന്റെ അച്ഛന്റെ കരസ്പര്‍ശം ." നീ മുകളിലേക്ക് വാ. ഒരു സര്‍പ്രൈസ് ഉണ്ട്." അവര്‍ വീടിന്റെ മുകളിലത്തെ നിലയില്‍ എത്തി. അവിടെ ഇറ്റാലിയൻ മാർബിളിൽ പാകിയ അകത്തളത്തിൽ , ഒത്ത നടുക്കായി  ഒരു ആട്ടുകട്ടില്‍ .!! സപ്രമഞ്ച ശൈലിയില്‍ തീര്‍ത്തത്. പുറത്തുനിന്നു വരുന്ന ഇളം കാറ്റത്ത്‌ അത് അല്പം ആടുന്നുണ്ട്. അതിനെ നോക്കി അച്ഛന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു," നിന്റെ പ്ലാന്‍ അനുസരിച്ചാണ് ഈ വീട് തീര്‍ത്തത്. എന്നാലും ഞങ്ങള്‍ നിനക്ക്  എന്തെങ്കിലും ഓണ സമ്മാനം തരണമെന്ന് കരുതി.അതാണ്‌ ഇത്. നമ്മടെ മഹാഗണിയിൽ  തീര്‍ത്ത ഒന്നാന്തരം കട്ടില്‍. തീര്‍ത്തും പുരാതന രീതിയിലുള്ളതാണ്‌. നിനക്ക് ട്രഡീഷണൽ അനിറ്റിക്‌സിനോടുള്ള കമ്പം ഞങ്ങൾക്ക് പണ്ടേ അറിയാവുന്നതു കൊണ്ട്  പറഞ്ഞു ചെയ്യിപിച്ചതാണ് ."

അവന്‍ ആ കട്ടിലില്‍ ഒന്ന് തൊട്ടു.മലയാളം ആണ് അച്ഛനും മകനും തമ്മില്‍ സംസരിച്ചതെങ്കിലും എമിലിക്കും റോവനും സ്ഥിതികള്‍ മനസിലായി. റോവന്‍ അവന്റെ തോളില്‍ തട്ടി.ഒരു തരാം സമാധാനിപ്പിക്കല്‍. സ്വപ്നങ്ങള്‍ സാധൂകരിച്ചെങ്കിലും  എന്തോ ഒന്ന് നഷടമായത് പോലെ  അവനു  അനുഭവപെട്ടു. അടുത്ത ദിവസം തിരുവോണം . ഗൃഹപ്രവേശത്തിന്റെ  ചടങ്ങുകള്‍ കഴിഞ്ഞു. എല്ലാവരും ഓണസദ്യ ആസ്വദിച്ചു കഴിച്ചു . 

ഉച്ചവെയിൽ തണുത്തു തുടങ്ങിയപ്പോൾ എമിലിയെയും റോവനെയും  കൂട്ടി അവൻ ഇറങ്ങി. അവര്‍ വന്നപ്പോള്‍ നാട്ടുവഴിയിൽ  കണ്ട ആ ഊഞ്ഞാലില്‍, കുട്ടികളോടൊപ്പം മതിയാവോളം  അവർ ആടി. ഓണം തീരുവോളം Unique Onam Ambiance ആയ ഊഞ്ഞാലിന് ഒപ്പം എമിലിയും റോവനും  അവനും ആ ഓണക്കാലം കൊണ്ടാടി ....!

കെ എൽ അജയ് 

No comments:

Post a Comment