Wednesday 12 October 2016

ആ മൂന്നുപേരുടെ യാത്ര !
**********************************

വെണ്ണ നീരാടി ഒരുങ്ങിയോരുണ്ണിതൻ
അരികത്തു വന്നു വേലഴകൻ
ശാരദ വീണയിൽ ശ്രുതിയിട്ട മായാമാളവം
മങ്കയാം നങ്കയും കേട്ടുണർന്നു;
ഒൻപതു രാവുകൾ പത്മനാഭാൻ തിരു -
സന്നിധിയകം പൂകി വന്നു മൂവർ;
ഇന്നിറക്കം,ഇനി തങ്ങളിൽ തങ്ങളിൽ ,
യാത്ര പറഞ്ഞു സ്വഗൃഹങ്ങൾ പൂകെ ;
കാംബോജി ഉയിരിട്ട ഓടകുഴൽ നാദം,
കർണാമൃത സമം നിറഞ്ഞ നേരം,
കൃഷ്ണസ്മിതദ്യുതി നിറഞ്ഞ നെയ്യാറിൻ
തീരത്ത് നിന്നവർ മൂന്നുപേരും ;
ദേവകൾ അർപ്പിച്ച  തീർഥ വർഷം,
മേഘങ്ങൾ ഏകി  , പതിവ് പോലെ .
നല്ലിരിപ്പും തീർത്തു,നാഞ്ചിനാടിൻ
വരമ്പ് അന്പോടെ താണ്ടുവാൻ യാത്രയായി,
കൊട്ടും കുഴലും പരിവാര ജാലവും
ദേവിമാർക്കും സ്കന്ദനും അകമ്പടിയായ്
പതിവാം ചടങ്ങല്ല , പൈത്രികമീ യാത്ര;
മൂവരും ചേരുന്ന പുണ്യഗാഥ ..
*************************************************** 
“ജീവിതത്തിലെ ഏറ്റവും മനോഹരമായ കാഴ്ചകളിൽ ഒന്നാണ് നവരാത്രി വിഗ്രഹ ഘോഷ യാത്ര .ഭക്തി സാന്ദ്രവും , തിരുവിതാംകൂറിന്റെ പൈത്രിക പെരുമ ലോകരെ അറിയിക്കുന്നതുമായ ഈ ചടങ്ങിനും, വിരുന്നെത്തി ,ഐശ്വര്യം ഏകി മടങ്ങുന്ന  ആ മൂന്ന് ചൈതന്യങ്ങൾക്കും മുന്നിൽ പ്രണാമങ്ങളോടെ.....”


ഡോ.കെ എൽ അജയ് :) 


Saturday 17 September 2016

ഒരു രാത്രി പറഞ്ഞ കഥ
***************************************

ഒരു മാത്ര കൂടി ജനിച്ചു
കരി രാവു ഞാനെന്നു
നിനച്ചെങ്കിലും തെളിഞ്ഞുവല്ലോ
എന്നിലൊരമ്പിളി തകിട് !

ഒരു മാത്ര കൂടി ജനിച്ചു
കണ്ണീരിരുളൊഴുകുമെന്നു
നിനച്ചെങ്കിലും നിറഞ്ഞുവല്ലോ
എന്നിൽ പാർവണ മധു

ഒരുമാത്ര കൂടി ജനിച്ചു
മേഘമറയമ്പരം മറയ്ക്കുമെന്നു
നിനച്ചെങ്കിലും നിറഞ്ഞുവല്ലോ
നക്ഷത്രദീപികകൾ കൺകുളിരെ!

സുരഭിലയാമമിതെൻ ചിത്തം,
യവനിക ഉയർത്തി നിറഞ്ഞു
നടനമാടിയതെൻ ഹൃദന്തം
നിശീഥിനി ഞാൻ നിറഞ്ഞീടട്ടെ
യാമമലിയും മാത്ര വരേയ്ക്കും!

പകൽതിരികിഴക്കു തെളിയും
നാഴികയതിനിടയിലൊരു കഥ
ഒരു കൊച്ചു സ്വപ്നത്തിൻ കഥ !
ഏവർക്കും കാണുവാൻ എൻ ,
മനസ്സു പകർന്നീടട്ടെ ഞാൻ !!!
 **************************************









മഹാബലി
******************
സുതലഭൂവിനധിപനഹം, തവ
വിമലപദത്തിനു മമ കേവല
ശിരസ്സൊരു ശുദ്ധതല്പമാകയാലെ !
പ്രഹ്ളാദ ഹൃദന്തമറിഞ്ഞ ,
നാരായണ ധ്വനി തരംഗം-
ഇന്നെന്നുടെ മുക്തിനിശ്വാസം !
അഖിലഗുരുവരരുമമര-
ലോകവുമൊരുമിച്ചു പ്രകീർത്തിക്കു
മാദിമധ്യാന്തരഹിതമീ രൂപം പ്രണമാമ്യഹം !

അശ്വമേധയാഗധൂളി വിശ്വമാകെ
ഉയർന്നു, മമ കീർത്തിയേക്കാളുയർന്ന
ഹുങ്ക്രിതി തച്ചുടയ്ക്കാനെത്തി ഭവാൻ
പാവനനർമദാ നദീ  തീരെ
ഭൃഗുകച്ഛയാഗ ഭൂവിലവതരിച്ചു,
ബാലരൂപം മോഹനമതു തവ ,
ലീലയെന്നുമറിഞ്ഞേനഹം പിന്നെ!
പാദം കഴുകി പുണ്യതീർത്ഥമെൻ
മൂർദ്ധനി കുടഞ്ഞു സുകൃതവും നേടിനേൻ !
ധനധാന്യലക്ഷങ്ങളസംഖ്യമേകാൻ
തുനിഞ്ഞതിനു മറുപടിയായി
യാചിച്ചുകേവലം മൂന്നടി മാത്രം കൂടെ
മൊഴിഞ്ഞിങ്ങനെ ഒരു  വിശ്വതത്വം !

"മൂന്നടിയാൽ തൃപ്തനാകാത്തവ-
നൊരുനാളും സുഷ്പ്തി കൈവരി
ല്ലൊരു ദ്വീപം  ലഭിക്കിലും!
ദ്വീപമതു കരഗതമാകിലോ മോഹം ,
ജനിക്കുന്നേഴു ദ്വീപത്തിനു നാഥനായിടാൻ !
നൈമിത്തിക അന്നാദികളിൽ
തൃപ്തനാകുവോനുമിന്ദ്രിയാഹാവം ,
ജയിപ്പവനും ,ലോകം ലഭിച്ചതിനു
സമമെന്നറിക വിരോചനസുത !"


ബ്രഹ്മാണ്ഡവുമാകാശസീമകളും
ഏഴു സമുദ്രങ്ങളും, സമസ്തവും
കേവലംരണ്ടു പദങ്ങളാൽ,
അളന്നു പിന്നെ മുഖകമലം
വിടർന്നു സുഹാസിതമാലെ !
പിന്നെയുതിർന്നു വാമനവാണിയുമിങ്ങനെ ,
"തരിക രാജനെനിക്കു മൂന്നാം ,
പദമമർത്തുവതിനിടം,നിൻ
കർമപദം ദീപ്തമാക്കുവതിനു.
നേരമിതെന്നുമറിയുക "

ഹാ ! വിശ്വമത്രയും വളർന്ന
വിശാലഗാത്രം  ,വാമനമൂർത്തി
തൻ  വിരാടരൂപം ,നാരായണൻ
തവ  ദാസദാസോഹമെന്നറിഞ്ഞ നേരം!
ഹന്ത ! മറ്റെന്തു ചിന്തയിൽവരുവതു,
സാഷ്ടാംഗം വീണു ഞാൻ ബലി,
 നിൻ ചാരു പാദാന്തികേ
ചഞ്ചലിത ചിത്തനായ് സാദരം !

വഞ്ചകനല്ല വാക്കിനു ഞാൻ വിഭോ !
പദമമർത്തുകെൻ മൂർദ്ധനി ,കേവലം
നശ്വരദേഹമിതിനോടലിഞ്ഞീടിന
 ഗർവ്വവും, എടുത്തുകൊൾക !

അന്നേരമാഗതനായ് പിതാമഹൻ
വിഷ്ണുനാമ പാരായണൻ ,
പ്രഹ്ളാദൻ മമ പിതാമഹൻ !
അനുഗ്രഹിച്ചെൻ "അസുലഭ വിഷ്ണു
പദത്തെ" പ്രകീർത്തിച്ചതിങ്ങനെ
"വിവേകമസ്തമിപ്പത്തിനു ഹേതു
ലൗകികാസക്തിയാം മോഹമെന്നറിക!
മോഹാന്ധകാരം പരബ്രഹ്മ -
ദ്യുതിയാലകന്നു നിൻ ഹൃത്തിലാ
ത്മജ്ഞാനമുദിച്ചതും അറിക നീ !

വിഷ്ണുപാദമെൻ ശിരസിൽ തൊട്ടു
മുക്തിപദത്തെ പുൽകി ഞാനാമാത്രയിൽ
മൂവുലകങ്ങളിൽ  വച്ചേറ്റം വിശുദ്ധനായേൻ,
വാമനരൂപി തവ സ്പർശനമൊന്നിനാലെ !
"സാവർണിമന്വന്തരേ ദേവാധിപനാക  നീ ,
അത്രനാളെയ്ക്കും വസിക്ക സുതല ഭൂവിൽ
സ്വർഗ്ഗ സുഖങ്ങളെക്കാളേറും സുതലവാസം!
ദ്വാരപാലകനായ്നിൽക്കും നിനക്ക് ,
ഞാനെന്നു" വരം നൽകി വൈകുണ്ഠം
ഗമിച്ചു നാരായണൻ ഭക്തപാലകൻ !

ഹരിപദധൂളി ശിരസ്സിൽ ധരിച്ചു 
ബലിവാണിടുന്നു സുതലപതിയായ്
ദുരിതശമനമധുരാക്ഷരം  ,നാരായണ -
നാമമന്ത്രം ജപിച്ചുകൊണ്ടനാരതം!

ഭാവസാഗരതരണം ചെയ്തുമുക്തനായ്‌,
പുരന്ദരാസനസമം മഹിമയെഴും
മഹത് പീഠാസനസ്ഥനായ് !


മഹനീയജന്മങ്ങൾ നാമെന്നു
പൂന്താനപാനചൊല്ലിത്തരുന്നു !
ഭാരതഖണ്ഡത്തിൽ പിറക്കവേ !
അതിലൊരു ഭാഗമീ പുണ്യമാം
മലയാളഭൂമി,ബലി വാണിരുന്നു
നരപതിയായ് പലനാളിവിടെ
 സുരാസുരലോകമഖിലവും
വണങ്ങും രാജോത്തമനായ്!
 അറിഞ്ഞീടുകനാം ശ്രേഷ്ഠനാകു-
മാദാനധർമിഷ്ഠൻ തൻ പ്രജാവൃന്ദം!
ഓണമൊരുക്കുമാറുണ്ട് നാം കാലാകാലം
ഓണം പുതുക്കുന്നുണ്ട് പൊടി തട്ടി
തട്ടിൽ വയ്ക്കും പുസ്തകം  പോലെ ;
മഹാബലിയെ ചമയിക്കാറുണ്ട് നാം;
പലനിറങ്ങളിൽ പലരൂപങ്ങളിൽ ;
ബലി നൽകിയ ഒരുമയെ അറിയുവാൻ
തെല്ലൊരു സംശയമുണ്ട് പോലും !

ഓണമുത്സവകേളീ രംഗം മാത്രമല്ല
ഓണമൊരോര്മയാണൊരസുര-
ഹൃദയകുംഭം നിറഞ്ഞൊഴുകും ,
ഭക്തിപ്രവാഹം മുക്തിസാഗരം
പൂകിയ സത്ചരിത്രസംഹിത !
ആഘോഷത്തിലൊതുങ്ങുകില്ലോണം !
ഓണമൊരു സന്ദേശം ,ഒരു പ്രജാപതി
ചൊല്ലിത്തരുമുത്തമ ഗുണപാഠം !

*****************************************

Wednesday 31 August 2016

നമുക്ക് പത്രം വായിക്കാം !!!!
*******************************************

അവനവളെയുമേന്തി നടന്നപ്പോഴും ,
വായിച്ചു പത്രം മടക്കിയത് നമ്മൾ
വായിക്കാതറിഞ്ഞു വിലപിച്ചതവർ!
അവനവനെയുമേന്തി നടന്നപ്പോഴും,
 വായിച്ചു പത്രം മടക്കിയത് നമ്മൾ
വായിക്കാതറിഞ്ഞു  വിലപിച്ചതവർ!
 എത്ര തലക്കെട്ടുകൾ  ഇങ്ങനെ;
എത്ര വർണചിത്രങ്ങൾ ഇങ്ങനെ ;
വായിക്കുവാൻ വെമ്പിനിൽപ്പവർ നമ്മൾ 
വാതിൽമുട്ടി വിലപിക്കുവാൻ അവർ !!

ഹിമഗിരി മകുടമിളകുന്നുണ്ടിന്ത്യയുടെ;
മാറിലൊരായിരം അമ്പുതറയ്ക്കുന്നുണ്ട് !
വയറുവറുതിയിലെരിയുന്നുണ്ടിന്ത്യയുടെ,
കാൽചിലമ്പിൽ തുരുമ്പു പടരുന്നുണ്ട് !
ആലംബനമില്ലാതലയുന്നുണ്ടിന്ത്യയുടെ 
കണ്ണീരുറഞ്ഞു കന്മദമാകുന്നുണ്ട് !

കാഴ്ചകളിങ്ങനെ അനവധിയുണ്ടവ-
വാർത്തകളാകുന്ന പതിവുണ്ടിവിടെ 
വായിച്ചു പത്രം മടക്കിവയ്ക്കുവാൻ,
വായനക്കാർ നമ്മളായിരങ്ങളുണ്ട് !!
വാർത്തകളാകുവാനൊരു കൂട്ടർ
ചിത്രമൊത്തക്ഷരലയം തീർത്തു
അച്ചിൽപേറി മഷിക്കൂട്ടിൽ മുങ്ങി , 
പത്രത്തിന്നരികിലെവിടെയോ !

അവിടെയായെൻ ഇന്ത്യ വിതുമ്പി !
ധൃതിയിൽ കണ്ണോടിച്ചതിനാൽ 
കണ്ടില്ല നമ്മളാ കണ്ണീർച്ചാലുകൾ "
കാതുകൾ കടംനൽകിയതിനാൽ 
കേട്ടതില്ല നമ്മളാ തേങ്ങലുകൾ ;
എങ്കിലും വായിച്ചു വാർത്തകൾ 
പത്രം മുറ്റത്തിന്നു പതിച്ചത് മുതൽ ;
നാളെയും വായിക്കുമേറെ വാർത്തകൾ 
വായിക്കാനായി ജനിച്ചവർ നമ്മൾ !!!
********************************************

കെ എൽ അജയ്  :) 






Wednesday 24 August 2016

കുഞ്ഞിടയ്ക്ക
*************************

തുടിയുതിർത്തു തകിടത്തീർത്തു
തിരകളുയരട്ടെ തരംഗമായ്
വിരലമർന്നു സ്വരമുയർന്നു
സംഗീതസോപാനം പുൽകുക ;

സൂര്യചന്ദ്ര മുഖങ്ങളാകുമ-
തലങ്ങൾ കൊട്ടി പാടുക
ശരീരമാകുമീ മധ്യശകലം ;
ജീവനുംപരമാത്മാവുമായ്
പരിലസിച്ചീടുന്നിതാ!

രന്ധരങ്ങളാറും ആറു-
ശാസ്ത്രങ്ങളെന്നു പഠിക്കുക
ജീവകോലുകൾ,നാല്
വേദങ്ങളെന്നുംഅറിയുക;
കലകൾ അറുപത്തിനാലും,
പൊടിപ്പുകളായി മാറവെ ;

രുദ്രനാഗമാം തോൾകച്ചയാൽ;
ദേഹത്തോട് ചേർത്തുടൻ ;
ചപങ്കകോലുകൾകൊണ്ട്
കൊട്ടി ലളിതലവങ്ക ഗീതം പാടുക
അഷ്ടപദീലയഗാന നിവേദ്യം
ഇഷ്ട ദേവന് നൽകുക !!

************************
കുഞ്ഞിടയ്ക്ക
കെ എൽ അജയ്



യോഗിശ്രേഷ്ഠം പ്രണതോസ്മ്യഹം
******************************************************
അഹമാത്മജ്ഞാനതത്പരനല്ല വിഭോ
മമഹൃത്തിലുണ്ടജ്ഞത,ഇരു -
മിഴിയിലുമുണ്ടിരുൾ ,ചിത്തം ,
തെളിമയില്ലാ ജലം കണക്കു കലുഷിതം
ഭാവസാഗരതീരെ രമിപ്പു വൃഥാ
,
കണ്ടെന്നൊരിടത്തു ഭവാനിരിപ്പതു ;
ശുദ്ധസ്പടികകാന്തി ചിന്തിയ പോൽ
ഹന്ത ! വദനവിദ്യുത്സ്ഫുരണ-
മവിരാമമുതിരുമെങ്കിലും,
കാണുന്നുണ്ട് ശാന്തത
ഉദയരവികിരണാവലിയെ
എതിരേല്ക്കുമാ കടൽ കണക്കെ ;
തവനയനങ്ങൾ മന്ത്രിപ്പുണ്ട്,സംസാര
സാഗരം കടക്കുവതിനുപായങ്ങൾ ;
ഊർജ്ജസ്ഫുരണമുണ്ട് ലിഖിതങ്ങൾക്കു ,
കൃഷ്ണവാണിയുതിർത്ത ഗീത കണക്കെ !
എത്രമഹാനുഭാവർക്കു വിദ്യയേകി ,
വിദ്യാധിരാജ ,തവ ചിന്തനങ്ങൾ !
ദുരാചാരമേഘം കൂരിരുൾ കെട്ടിയ
കൈരളിക്കുദയാർക്ക ദീപ്തിയായ്,
സർവശാസ്ത്രപാരംഗതനായ ഭവാൻ,
ഭാർഗ്ഗവഭൂമിതന്നിലവതരിക്കെ ,
പുതുയുഗം പിറവികൊണ്ടു നന്മ
ചാലിച്ച ജ്ഞാനപാഥേയങ്ങൾ ,
ശങ്കരശൈലം മുതൽ ഇങ്ങു
സാഗരസംഗമം വരേയ്ക്കും ,
നിൻ കരങ്ങളാൽ എത്തിയെങ്ങും !
കരുണാകടാക്ഷമുതിർക്കുക സദയം
സത്ഗതിയേകീടുക ജഗത്തിനു നിത്യം
പത്മാസനസ്ഥിതഗാത്രം സാദാ പൂജിതം
ശ്രീവിദ്യാധിരാജം നമാമ്യഹം
ചിന്മുദ്രാങ്കിത വിമലരൂപം മനോജ്ഞം
യോഗിശ്രേഷ്ഠം പ്രണതോസ്മ്യഹം .
**************************************************
കെ എൽ അജയ്