Thursday 26 January 2017

നീർതുള്ളികളും പൂതപ്പാട്ടും !
*********************************************


ആദ്യമൊരു ചാറ്റലായ് വന്നതീ മഴ
ധാരമുറിയാ നീർ വരകളായ് പിന്നെ ,
മണ്ണിൽ ചെറു ചാലുകൾ തീർക്കവേ
മാനത്തു മേഘ കുന്നുയർന്നു വീണ്ടും
കോരിച്ചൊരിയാനൊരുങ്ങി നിന്നു.
തോരാത്തോരാടയാരോ കുടഞ്ഞ പോൽ
നീർത്തുള്ളികൾ ചിതറിയൂഴി ആകെ
അത്രയുമല്ല ,കാറ്റിന് ദീർഘനിസ്വനം
അലസമൊഴുകിടുന്നുണ്ടിവിടെ !

അവളുണ്ടെന്നരികത്തു ,മുള
വരിഞ്ഞുമുറുകിയ കസേരയിലിവിടെ
വരാന്തയിൽ , തണുവോലും വിഭാത -
വേളയിൽ ഒരു ചെറു പുസ്തകത്താൽ
മുഖം മറച്ചേറെ വായിച്ചു തളർന്ന
കണക്കെൻ പ്രേയസി ചാഞ്ഞിരിപ്പു !

പകൽ പിറന്നു നാഴികകൾ കടന്നു
പലവേലകളിൽ പലരുമേർപ്പെട്ടു.
ചിലരുറങ്ങുകയാണ് പിന്നെയും
ഉണർന്നിട്ടെന്തിനെന്നു നിനച്ചവർ !
മഴകണ്ട്ചിരിച്ചുകൊണ്ട് ചിലർ നിൽപ്പു
മഴകണക്കു മിഴിനീർ ഒഴുക്കുന്നു ചിലർ !
തുരുമ്പിച്ച തകരപ്പെട്ടകത്തിൽ ,പഴയ
"ഫോട്ടോ ഫ്രെയിംതലോടിടുന്നു,
ച്ചുടുനെടുവീർപ്പോടെ ഒരമ്മ !
വ്യഥയോടെ .വ്യർത്ഥതയോടെന്റെ
മകനെന്നും ,മകളെന്നും ചൊല്ലി !
പുലമ്പിതളര്ന്നതും ചിലർ !

ഇനി ചൊല്ലീടാംഇവിടം ,
ഒരു ഭവനം , ഒരു വൃദ്ധസദനം !
ബന്ധുക്കളല്ലാതെ ബന്ധുക്കളായവർ
നാം ,വൃദ്ധ വയോധികർ ;
പണമടച്ചിവിടെ ബന്ധിച്ചു ,
"ജീവിതാന്ത്യം " പഠിക്കുവാനായി
പാഠശാലതന്നിൽ ചേർന്നവർ നാം !


മാസമൊന്നായി ഞാനുമെൻ
പ്രേയസിയുമിവിടെ ചേർന്ന് കാലം
കഴിപ്പു, നിശബ്ദം , നിസ്വാർഥം !
സന്തതികൾ മുവരുണ്ട് ഞങ്ങൾക്കു,
ബലിഷ്ഠരാം ആൺ തരികൾ രണ്ടും
അരുമയാമൊരു പെൺകിടാവിളയവളും .
"കിടാവല്ല" മുതിര്ന്നുവെന്നവളോ നിനപ്പു !
ജായമാരും ,കാന്തനുമുണ്ടവർക്കു ,
പേരക്കിടാങ്ങളുമുണ്ട് കൂട്ടായ് .
മറച്ചില്ല പോൽ കുടുംബ -
ചരിത്രം വിസ്തൃതം സുഖദം .

അവൾ,നിദ്രയോടു സംവദിക്കുന്നു
മധ്യാഹ്നാർക്കൻ മഴക്കാറ്
വകഞ്ഞു മിഴി തുറന്നിട്ടും .
മഴത്തുള്ളികളെന്നു  നിനച്ചു ഞാൻ
മുഖം മറച്ചിടും കവിതാ പുസ്തക-
മതിനരികത്തായൊരു നീർ കണം.
താഴത്തിറങ്ങി കവിൾത്തടത്തി -
ലൊരു ചെറുനീർ വഴിയിട്ടു !
അതുപോലെ തന്നെ മറുകവിളിലും,
ജലപാത ഒരുപോലെ !
മഴതുള്ളിയല്ല ,മിഴി നിറഞ്ഞൊഴുകിടും ,
അശ്രുധാര അവ,അവളുറങ്ങുന്നില്ല ,
ചിന്തായാൽ കണ്ണീർ തൂകിടുന്നു !

അറിയുവാൻ കഴിയുന്നുണ്ടെനിക്ക്,
അവൾതൻ ഹൃദയമിടിപ്പുകൾ
അറിയുന്നുണ്ട് കാലമനേകമായ്.
കൂടെയിവളുണ്ട് പതിറ്റാണ്ടു
മൂന്നിലേറെയായ്,വേഷം പലതായി
പ്രണയിനിയായ് പ്രിയ പത്നിയായ്;
അമ്മയായ് മുത്തശ്ശിയമ്മയായ് അങ്ങനെ
വേഷങ്ങൾ പലതാടി എനിക്കൊപ്പമിവൾ !
ഇന്നുവരേക്കും നിസ്വാർഥം ,സാകൂതം .

പണമടച്ചിവിടെ പാർപ്പിച്ചവർ
തൻ കിടാങ്ങളുമായ് കടൽ
കടന്നക്കരെ അംബരചുംബികൾ
തൻ മൂർദ്ധനികളിൽ നാലു-
ചുവരുകൾ കെട്ടി തണുപ്പിച്ചു
തീർത്ത ജീവിത ബന്ധനങ്ങളിൽ
സുഖാഢ്യം വാഴുന്നു ,വാഴട്ടെ നിത്യം !
"ഞങ്ങൾ ഏകാകികളാകുമെന്ന "വ്യഥയാൽ,
സമ്മാനിച്ചതീ വൃദ്ധർ വാണീടും ഗേഹം !
കൂട്ടായിരിപ്പാൻ ,കൂടെ വസിച്ചിടാൻ.
ഞങ്ങൾക്ക് പുതു ജീവിതം തുടങ്ങുവാൻ
അല്ലായ്കിലീപഴയ ജീവിതമൊടുങ്ങുവാൻ !

അവൾക്കുണ്ടൊതുവാൻ പരിഭവങ്ങൾ
പുത്രവാത്സല്യപ്രവാഹത്താൽ അതൊഴുകി
എവിടെയോ പോയ് കരപറ്റി !
എനിക്കുമുണ്ടെതിർപ്പുകൾ ചൊല്ലിടാൻ ;
എങ്കിലും ,സന്തതികളാശിപ്പത്‌,നിശ്ചയം
നടത്തികൊടുക്കുവതെൻ ഹിതമതു-
താൻ എൻ കർത്തവ്യവും ,ഇത്
താതഹൃദയവിശാലത തൻ പരിച്ഛേദനം !

ഇവിടെ അങ്കണത്തിലൊരു
മാസം മുൻപു പിരിഞ്ഞതവരെ ,
പുത്രരെ ,പുത്രിയെ ഞങ്ങൾ .
ഞങ്ങളിൽ നിന്നുയർന്ന പ്രാണനിസ്വനങ്ങളെ !
ജീവന്റെ ജീവനാം പൗത്ര സൂനങ്ങളെ .
ഹൃദയവ്യഥയോടെ നിശബ്ദം .
പരിഭവമതിൽ തെല്ലുമില്ല സത്യം !
"സ്വസ്തി" അവർക്കു സന്തതം .

കവിതാപുസ്തകമവൾ തൻ
വദനത്തിങ്കൽ നിന്നുയർത്തി തെല്ലു .
കണ്ണോടിച്ചതാ  തലക്കെട്ടിലൂടെ ഞാൻ ,
"ഇടശ്ശേരി "യുടെ "പൂതപ്പാട്ടാ "ണവൾ;
വായിച്ചുറങ്ങാതുറങ്ങിയത് ...!
പൂതത്തിനുണ്ണിയെ കൊടുത്തീടാത്ത
നിസ്തുലമാം മാതൃസ്നേഹം
വായിച്ചു കണ്ണീർതൂകിയവൾ ,
സ്വന്തം കിടാങ്ങളെ ഓര്ത്തുവോ ..
അവർക്കു മംഗളമശ്രുവാൽ ചൊരിഞ്ഞതോ !
പിന്നെ മയങ്ങിയീ ഓർമ്മകൾ
തൻ മഴത്തണുവിൽ മെല്ലെ !

എഴുന്നേൽക്കുക സഹയാത്രികേ!
തളർന്നീടായ്ക നീ ഇനിയും
ജീവനമാകും യാത്ര പലകാതമുണ്ടിനിയും!
ദൂരം ഏറെ ഉണ്ട് പോകുവാൻ നമുക്ക് ;
ജരാനരകൾ ചാർത്തി ഒരുമിച്ചു
കടക്കുവാനുണ്ട് ജീവസരണികൾ ;
ദിനങ്ങൾ,വാസരങ്ങൾ ,കാലങ്ങൾ
ഋതുഭേദങ്ങളങ്ങനെ ഉണ്ടേറെ !
രണ്ടാമതൊരു ജന്മമേകിയതെന്നു
നിനച്ചു വാഴാനൊരുങ്ങുക
ഓമൽകിടാങ്ങൾ കനിഞ്ഞേകിയ
സമ്മാനമീ വയോധിക മണ്ഡലമെന്നറിക!
വരിക, വനവാസമെന്നു നിനച്ചു
ജീവനം തുടർന്നീടുക, കൂട്ടുണ്ട് ഞാൻ ;
തളരായ്ക ,മിഴിനീർ തുടച്ചു
കൊണ്ടീ ജന്മവേദിക പങ്കിട്ടുകൊൾക…!

………………………………………………………………………………..



No comments:

Post a Comment