Saturday 17 September 2016


മഹാബലി
******************
സുതലഭൂവിനധിപനഹം, തവ
വിമലപദത്തിനു മമ കേവല
ശിരസ്സൊരു ശുദ്ധതല്പമാകയാലെ !
പ്രഹ്ളാദ ഹൃദന്തമറിഞ്ഞ ,
നാരായണ ധ്വനി തരംഗം-
ഇന്നെന്നുടെ മുക്തിനിശ്വാസം !
അഖിലഗുരുവരരുമമര-
ലോകവുമൊരുമിച്ചു പ്രകീർത്തിക്കു
മാദിമധ്യാന്തരഹിതമീ രൂപം പ്രണമാമ്യഹം !

അശ്വമേധയാഗധൂളി വിശ്വമാകെ
ഉയർന്നു, മമ കീർത്തിയേക്കാളുയർന്ന
ഹുങ്ക്രിതി തച്ചുടയ്ക്കാനെത്തി ഭവാൻ
പാവനനർമദാ നദീ  തീരെ
ഭൃഗുകച്ഛയാഗ ഭൂവിലവതരിച്ചു,
ബാലരൂപം മോഹനമതു തവ ,
ലീലയെന്നുമറിഞ്ഞേനഹം പിന്നെ!
പാദം കഴുകി പുണ്യതീർത്ഥമെൻ
മൂർദ്ധനി കുടഞ്ഞു സുകൃതവും നേടിനേൻ !
ധനധാന്യലക്ഷങ്ങളസംഖ്യമേകാൻ
തുനിഞ്ഞതിനു മറുപടിയായി
യാചിച്ചുകേവലം മൂന്നടി മാത്രം കൂടെ
മൊഴിഞ്ഞിങ്ങനെ ഒരു  വിശ്വതത്വം !

"മൂന്നടിയാൽ തൃപ്തനാകാത്തവ-
നൊരുനാളും സുഷ്പ്തി കൈവരി
ല്ലൊരു ദ്വീപം  ലഭിക്കിലും!
ദ്വീപമതു കരഗതമാകിലോ മോഹം ,
ജനിക്കുന്നേഴു ദ്വീപത്തിനു നാഥനായിടാൻ !
നൈമിത്തിക അന്നാദികളിൽ
തൃപ്തനാകുവോനുമിന്ദ്രിയാഹാവം ,
ജയിപ്പവനും ,ലോകം ലഭിച്ചതിനു
സമമെന്നറിക വിരോചനസുത !"


ബ്രഹ്മാണ്ഡവുമാകാശസീമകളും
ഏഴു സമുദ്രങ്ങളും, സമസ്തവും
കേവലംരണ്ടു പദങ്ങളാൽ,
അളന്നു പിന്നെ മുഖകമലം
വിടർന്നു സുഹാസിതമാലെ !
പിന്നെയുതിർന്നു വാമനവാണിയുമിങ്ങനെ ,
"തരിക രാജനെനിക്കു മൂന്നാം ,
പദമമർത്തുവതിനിടം,നിൻ
കർമപദം ദീപ്തമാക്കുവതിനു.
നേരമിതെന്നുമറിയുക "

ഹാ ! വിശ്വമത്രയും വളർന്ന
വിശാലഗാത്രം  ,വാമനമൂർത്തി
തൻ  വിരാടരൂപം ,നാരായണൻ
തവ  ദാസദാസോഹമെന്നറിഞ്ഞ നേരം!
ഹന്ത ! മറ്റെന്തു ചിന്തയിൽവരുവതു,
സാഷ്ടാംഗം വീണു ഞാൻ ബലി,
 നിൻ ചാരു പാദാന്തികേ
ചഞ്ചലിത ചിത്തനായ് സാദരം !

വഞ്ചകനല്ല വാക്കിനു ഞാൻ വിഭോ !
പദമമർത്തുകെൻ മൂർദ്ധനി ,കേവലം
നശ്വരദേഹമിതിനോടലിഞ്ഞീടിന
 ഗർവ്വവും, എടുത്തുകൊൾക !

അന്നേരമാഗതനായ് പിതാമഹൻ
വിഷ്ണുനാമ പാരായണൻ ,
പ്രഹ്ളാദൻ മമ പിതാമഹൻ !
അനുഗ്രഹിച്ചെൻ "അസുലഭ വിഷ്ണു
പദത്തെ" പ്രകീർത്തിച്ചതിങ്ങനെ
"വിവേകമസ്തമിപ്പത്തിനു ഹേതു
ലൗകികാസക്തിയാം മോഹമെന്നറിക!
മോഹാന്ധകാരം പരബ്രഹ്മ -
ദ്യുതിയാലകന്നു നിൻ ഹൃത്തിലാ
ത്മജ്ഞാനമുദിച്ചതും അറിക നീ !

വിഷ്ണുപാദമെൻ ശിരസിൽ തൊട്ടു
മുക്തിപദത്തെ പുൽകി ഞാനാമാത്രയിൽ
മൂവുലകങ്ങളിൽ  വച്ചേറ്റം വിശുദ്ധനായേൻ,
വാമനരൂപി തവ സ്പർശനമൊന്നിനാലെ !
"സാവർണിമന്വന്തരേ ദേവാധിപനാക  നീ ,
അത്രനാളെയ്ക്കും വസിക്ക സുതല ഭൂവിൽ
സ്വർഗ്ഗ സുഖങ്ങളെക്കാളേറും സുതലവാസം!
ദ്വാരപാലകനായ്നിൽക്കും നിനക്ക് ,
ഞാനെന്നു" വരം നൽകി വൈകുണ്ഠം
ഗമിച്ചു നാരായണൻ ഭക്തപാലകൻ !

ഹരിപദധൂളി ശിരസ്സിൽ ധരിച്ചു 
ബലിവാണിടുന്നു സുതലപതിയായ്
ദുരിതശമനമധുരാക്ഷരം  ,നാരായണ -
നാമമന്ത്രം ജപിച്ചുകൊണ്ടനാരതം!

ഭാവസാഗരതരണം ചെയ്തുമുക്തനായ്‌,
പുരന്ദരാസനസമം മഹിമയെഴും
മഹത് പീഠാസനസ്ഥനായ് !


മഹനീയജന്മങ്ങൾ നാമെന്നു
പൂന്താനപാനചൊല്ലിത്തരുന്നു !
ഭാരതഖണ്ഡത്തിൽ പിറക്കവേ !
അതിലൊരു ഭാഗമീ പുണ്യമാം
മലയാളഭൂമി,ബലി വാണിരുന്നു
നരപതിയായ് പലനാളിവിടെ
 സുരാസുരലോകമഖിലവും
വണങ്ങും രാജോത്തമനായ്!
 അറിഞ്ഞീടുകനാം ശ്രേഷ്ഠനാകു-
മാദാനധർമിഷ്ഠൻ തൻ പ്രജാവൃന്ദം!
ഓണമൊരുക്കുമാറുണ്ട് നാം കാലാകാലം
ഓണം പുതുക്കുന്നുണ്ട് പൊടി തട്ടി
തട്ടിൽ വയ്ക്കും പുസ്തകം  പോലെ ;
മഹാബലിയെ ചമയിക്കാറുണ്ട് നാം;
പലനിറങ്ങളിൽ പലരൂപങ്ങളിൽ ;
ബലി നൽകിയ ഒരുമയെ അറിയുവാൻ
തെല്ലൊരു സംശയമുണ്ട് പോലും !

ഓണമുത്സവകേളീ രംഗം മാത്രമല്ല
ഓണമൊരോര്മയാണൊരസുര-
ഹൃദയകുംഭം നിറഞ്ഞൊഴുകും ,
ഭക്തിപ്രവാഹം മുക്തിസാഗരം
പൂകിയ സത്ചരിത്രസംഹിത !
ആഘോഷത്തിലൊതുങ്ങുകില്ലോണം !
ഓണമൊരു സന്ദേശം ,ഒരു പ്രജാപതി
ചൊല്ലിത്തരുമുത്തമ ഗുണപാഠം !

*****************************************

No comments:

Post a Comment